ബോസ്റ്റൺ പബ്ലിക് ലൈബ്രറി
ബോസ്റ്റൺ പബ്ലിക് ലൈബ്രറി 1848 ൽ സ്ഥാപിതമായ അമേരിക്കൻ ഐക്യനാടുകളിലെ മാസ്സച്യൂസെറ്റ്സിലെ ബോസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പൽ പബ്ലിക് ലൈബ്രറിയാണ്. മുമ്പ് "ലൈബ്രറി ഓഫ് ലാസ്റ്റ് റിസോർസസ്") എന്നറിയപ്പെട്ടിരുന്ന ബോസ്റ്റൺ പബ്ലിക് ലൈബ്രറി, കോമൺവെൽത്ത് ഓഫ് മസാച്യുസെറ്റ്സിൻറെ പൊതുസ്വത്തായിക്കൂടി കരുതപ്പെടുന്നു. കോമൺവെൽത്തിലെ എല്ലാ മുതിർന്ന ആളുകൾക്കും പുസ്തക വായന, ഗവേഷണങ്ങൾ എന്നിവക്ക് ഇവിടെ അർഹതയുണ്ട്, കൂടാതെ ലൈബ്രറി സംസ്ഥാന ഫണ്ട് സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. പുസ്തകങ്ങൾ, ഡിവിഡികൾ, സി ഡി, മാപ്പുകൾ, സംഗീത രേഖകൾ, മൈക്രോഫിലിം, കൈയെഴുത്ത് പ്രതികൾ, അച്ചടിച്ച മറ്റു ദൃശ്യ വസ്തുക്കൾ, ഇലക്ട്രോണിക് വിഭവങ്ങൾ തുടങ്ങിയ എല്ലാതരത്തിലുള്ള ഫോർമാറ്റുകളേയും ഉൾക്കൊള്ളുന്ന ഏകദേശം 23 മില്യൺ ഇനങ്ങൾ ബോസ്റ്റൺ പബ്ലിക് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ അഭിപ്രായത്തിൽ, ലൈബ്രറി ഓഫ് കോൺഗ്രസ്, ന്യൂയോർക്ക് പബ്ലിക് ലൈബ്രറി എന്നിവയ്ക്കു പിന്നിലായി ഇത് അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറിയാണ്. 2014 സാമ്പത്തിക വർഷത്തിൽ ഈ ലൈബ്രറി 10,000 ലൈബ്രറി പരിപാടികൾ പൊതുജനങ്ങൾക്കായി സൗജന്യമായി നടത്തുകയും 3.7 ദശലക്ഷം വസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.